കഴക്കൂട്ടം:കണിയാപുരം കരിച്ചാറയിൽ സിൽവർലൈൻ പ്രതിഷേധക്കാരെ ബൂട്ടിട്ടു ചവിട്ടിയതിലൂടെ വിവാദത്തിൽപ്പെട്ട പൊലീസുകാരൻ ഒരു സ്ഥിരം പ്രശ്നക്കാരൻ. മംഗലപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കഴക്കൂട്ടം ചന്തവിള മങ്ങാട്ടുകോണം സ്വദേശി എ.ഷബീറിന്റെ സർവീസ് രേഖകളിലുടനീളം അച്ചടക്ക നടപടികളുടെ ചരിത്രം. 5 സസ്പെൻഷനുകളാണ് ഇതിനകം ഇയാൾക്ക് ലഭിച്ചത്.
അപകടകരമായ രീതിയിൽ കാർ ഓടിച്ചു വരവെ 2019 ജൂൺ 7ന് രാത്രി കഴക്കൂട്ടം പൊലീസ് തടഞ്ഞു പിടികൂടിയതിനെത്തുടർന്നാണ് ഇതിൽ ഏറ്റവും വിവാദമായ സംഭവമുണ്ടായത്. സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഷബീർ അസിസ്റ്റന്റ് കമ്മീഷണറുടെ യൂണിഫോമിൽ കടന്നു പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. തുടർന്നു സസ്പെൻഷൻ കിട്ടി. 2011 സെപ്റ്റംബർ 25ന് കേബിൾ കണക്‌ഷന്റെ വാടക ചോദിച്ചെത്തിയ വയോധികനെ കയ്യേറ്റം ചെയ്യുകയും സ്കൂട്ടർ മറിച്ചിട്ടു കേടുപാടുകൾ വരുത്തുകയും ചെയ്തതിനു തുമ്പ സ്റ്റേഷനിൽ കേസെടുത്തിരുന്നു.
രമേശൻ എന്നയാളെ സുഹൃത്തുക്കളുമായി ചേർന്നു ദേഹോപദ്രവം ഏൽപിച്ചതിന് ശ്രീകാര്യം സ്റ്റേഷനിലും ഇതേവർഷം കേസെടുത്തു. മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ അഭിഭാഷകനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട ഒരു കേസ് ഇയാൾക്കുണ്ട്. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ടും ഒന്നര വർഷത്തോളം ഷബീർ സസ്പെൻഷനിലായിരുന്നു.
സിൽവർലൈൻ പ്രതിഷേധക്കാരെ ബൂട്ടിട്ടു ചവിട്ടിയത് കൂടാതെ,ഷബീർ മുഖത്തടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കൂടി പുറത്തുവന്നിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനാൽ ഷബീറിനെ എ ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനാൽ ഷബീറിനെ എ ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.





0 Comments